ബാലലോകം

Friday, February 13, 2009

മഞ്‌ജിത്‌ ബാവയും രാജാരവി വര്‍മയും

ഞാന്‍ ഒരു ചിത്രകാരനോ ചിത്രകലയെക്കുറിച്ച്‌ കാര്യമായി പഠിച്ചിട്ടുള്ളയാളോ അറിവുള്ളയാളോ അല്ല. സരസ്വതിയുടെ മുലകളെക്കുറിച്ച്‌ ചിത്രകാരനുണ്ടായ സംശയങ്ങളും അതിനെത്തുടര്‍ന്നുണ്ടായ ഭൂകമ്പങ്ങളും ഇഞ്ചിപ്പെണ്ണും കൈപ്പള്ളിയും ആവനാഴിയും മറ്റ്‌ പലരും പലരും നാട്ടിയ പോസ്‌റ്റുകളും അതിന്മേല്‍ പടര്‍ന്ന കമന്റുകളും കണ്ടപ്പോള്‍ ചുമ്മാ തോന്നിയത്‌ പോസ്‌റ്റുന്നു എന്നേയുള്ളൂ.

ഡിസംബറില്‍ അന്തരിച്ച പ്രഗല്‍ഭ ചിത്രകാരന്‍ മഞ്‌ജിത്‌ ബാവയെക്കുറിച്ച്‌ കാര്യമായ ഒരനുസ്‌മരണക്കുറിപ്പും പ്രിന്റിയതോ പ്രിന്റേണ്ടാത്തതോ ആയ ഒരു മാധ്യമത്തിലും കണ്ടില്ല. ചിത്രകാരന്‍ പോലും അങ്ങേരെക്കുറിച്ച്‌ പോസ്‌റ്റിയതായി കണ്ടില്ല. ഞാന്‍ കാണാത്തതാണെങ്കില്‍ ഇതാ ക്ഷമിച്ചിരിക്കുന്നു. തികച്ചും ഇന്ത്യന്‍ എന്നു പറയാവുന്ന സാംസ്‌കാരിക സാഹചര്യങ്ങളില്‍ ചിത്രം വരച്ചിരുന്നയാളാണ്‌ മഞ്‌ജിത്‌ ബാവ. ഇന്ത്യന്‍ എന്നു പറയാവുന്ന തരം നിറങ്ങളും രൂപങ്ങളും ഇന്ത്യയിലെ ഇതിഹാസങ്ങളില്‍ നിന്നും മറ്റുമുള്ള രംഗങ്ങളുമൊക്കെയാണ്‌ അദ്ദേഹം ചിത്രത്തിലാക്കിയത്‌.

ഇതു കൊള്ളാമല്ലോ എന്ന കൗതുകത്തോടെ ആദ്യം ഒരു മഞ്‌ജിത്‌ ബാവച്ചിത്രം കണ്ടത്‌ ഇപ്പോഴും ഓര്‍ക്കുന്നു- ഓടക്കുഴല്‍ വിളിക്കുന്ന ഒരു മുസ്ലീമിന്റെ ചിത്രം. അതും നല്ല മഞ്ഞയില്‍. വല്ലാത്തൊരു കൗതുകവും ഒരു തരം കിടിലവും തോന്നി അതു കണ്ടപ്പോള്‍. അദ്ദേഹത്തിന്റെ ഗോവര്‍ധനോദ്ധാരണം പോലുള്ള ചിത്രങ്ങളും നാലു കൈകളുള്ള ദേവതച്ചിത്രങ്ങളുമൊക്കെ കാണുമ്പോള്‍ ഇതേ തോന്നല്‍ വീണ്ടുമുണരും.

പറഞ്ഞു വന്നത്‌ ശരിക്കും വലിയയാള്‍ എന്നെനിക്കു തോന്നിയ മഞ്‌ജിത്‌ ബാവ മരിച്ചപ്പോള്‍ പോലും അദ്ദേഹത്തെ ഓര്‍ക്കണമെന്ന്‌ നമ്മുടെ പൊതുസമൂഹത്തിലാര്‍ക്കും തോന്നിയില്ലല്ലോ എന്നാണ്‌. ആഫ്രിക്കന്‍ പാട്ടുകാരി മിറിയം മകേബ മരിച്ചപ്പോള്‍ മാതൃഭൂമി എഡിറ്റോറിയല്‍ എഴുതിയിരുന്നു എന്നോര്‍ക്കണം!! മഞ്‌ജിത്‌ ബാവയെക്കുറിച്ചും മാതൃഭൂമിയില്‍ വരുമായിരിക്കും!!

എന്തുകൊണ്ട്‌ മഞ്‌ജിത്‌ ബാവയെപ്പോലൊരാള്‍ ഓര്‍ക്കപ്പെടാതെ പോവുന്നു എന്നിടത്താണ്‌ രാജാരവിവര്‍മയുടെ പ്രാധാന്യം എന്നാണെനിക്കു തോന്നുന്നത്‌. ചിത്രകല എന്നൊരിടപാടുണ്ട്‌ എന്ന്‌ ഇന്ത്യയിലെ(ഹിന്ദു) ജനസാമാന്യത്തെ പഠിപ്പിച്ചത്‌ രാജാരവിവര്‍മയാണ്‌. അദ്ദേഹം മഞ്‌ജിത്‌ ബാവയെപ്പോലെ അബ്‌സ്‌ട്രാക്‌റ്റ്‌ ആവിഷ്‌കാരങ്ങളാണ്‌ നടത്തിയിരുന്നതെങ്കില്‍ ജനസാമാന്യത്തിന്‌ സ്വീകാര്യനാവുമായിരുന്നില്ല. ആളുകള്‍ക്ക്‌ അറിയാവുന്ന ദേവീ ദേവന്മാരെ അവര്‍ കാണാനാഗ്രഹിച്ച രൂപത്തില്‍ത്തന്നെ അവതരിപ്പിക്കുകയാരുന്നു രവിവര്‍മ.അല്ലെങ്കില്‍ ആ ചിത്രം കണ്ടപ്പോള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ ഓര്‍ത്തു ദൈവമേ ഇതാണല്ലോ സരസ്വതി, ഇതാണല്ലോ ലക്ഷ്‌മി എന്ന്‌. എന്തു കൊണ്ടാണ്‌ അദ്ദേഹം രാവണന്‌ പത്തു തല വരച്ചു വെക്കാതിരുന്നത്‌ എന്നെനിക്കതിശയം തോന്നുന്നു.

രവിവര്‍മയുടെ ചിത്രത്തിന്റെ ഒരു പ്രിന്റ്‌ എങ്കിലുമില്ലാത്ത(ഹിന്ദു) വീടുകള്‍ ഇന്ത്യയില്‍ കുറവായിരിക്കും. അതെ കലണ്ടറുകള്‍ തന്നെ. ഇവിടെ കടന്നു വരുന്ന മറ്റൊരു കാര്യം ജനപ്രീയത ആണ്‌. ജനപ്രീയമാണോ... അയ്യേ!! മോശം.. മോശം.. എന്നൊരു കാഴ്‌ചപ്പാട്‌ പൊതുവേ എല്ലായിടത്തുമുണ്ട്‌. യേശുദാസ്‌ വലിയ പാട്ടുകാരനാണെന്ന്‌ കേരളത്തിലെ സംഗീതപ്രേമികള്‍ സമ്മതിക്കുമോ. എനിക്കു തോന്നുന്നില്ല. ജനപ്രീയ സാഹിത്യം എന്നത്‌ ചവറ്റു കൊട്ട പോലെ നാറ്റം വമിപ്പിക്കുന്നതായിട്ടാണല്ലോ നാം വിലയിരുത്തുന്നത്‌.

ഞാന്‍ ജനപ്രിയക്കാരുടെ വക്കീലല്ല. പക്ഷേ, അതിന്‌ ഒരു ധര്‍മം നിര്‍വഹിക്കാനുണ്ട്‌ എന്നെനിക്കു തോന്നുന്നു. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയപ്പോള്‍ അതില്‍ കാര്‍ഷികരംഗത്തിന്‌ പ്രാധാന്യം നല്‍കണം എന്ന്‌ ഹോമിഭാഭ നിര്‍ബന്ധം പിടിച്ചിരുന്നതായി കേട്ടിട്ടുണ്ട്‌. ആളുകള്‍ക്ക്‌ അറിയുന്നതും തങ്ങളെ ബാധിക്കുന്നതുമായ കാര്യമാണിത്‌ എന്ന തോന്നലുണ്ടാക്കുന്ന കാര്യങ്ങള്‍ ടിവിയില്‍ വന്നാലേ അത്‌ ജനങ്ങള്‍ ഏറ്റെടുക്കുകയുള്ളൂ എന്ന തിരിച്ചറിവു കൊണ്ടാണ്‌ ഭാഭ ആ നിര്‍ബന്ധം പിടിച്ചത്‌. ടെക്‌നോളജി സാധാരണക്കാരനു വേണ്ടി എന്ന്‌ ലേബല്‍ ചെയ്‌തത്‌ ഇന്ദിരാഗാന്ധിയുടെ ബുദ്ധിയായിരുന്നു.

ഇന്ത്യയില്‍ ചിത്രകല സാധാരണക്കാരന്റെ അടുത്തേക്ക്‌ എത്തിച്ചു എന്ന വലിയ കാര്യം ചെയ്‌തത്‌ രാജാരവിവര്‍മ തന്നെയാണ്‌. അദ്ദേഹത്തിന്റെ ശകുന്തളയും തോഴിമാരും, ദമയന്തി( ചേച്ചിയും താറാവും എന്നാണ്‌ എന്റെ മകള്‍ പറയുന്നത്‌), പഴങ്ങളേന്തിയ മറാത്തി, അതാ അച്ഛന്‍ വരുന്നു തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഇന്നും ഇന്ത്യയിലെ സാധാരണക്കാര്‍ക്കിടയില്‍ ബെസ്റ്റ്‌ സെല്ലറുകള്‍ തന്നെയാണ്‌. ചിത്രകലയെ ഒരു സര്‍ഗവേദിയായി കാണുന്നവരാവില്ല അതിന്റെ ആസ്വാദകര്‍. വെറുതേ ഒരു സൗന്ദര്യസൃഷ്ടി ആസ്വദിക്കുകയാവും അവരുടെ ലക്ഷ്യം. പക്ഷേ, ഇപ്പോഴും ഒരേയൊരു ഇന്ത്യന്‍ ചിത്രകാരന്‍ മാത്രമേ അത്തരത്തിലൊരു ബെസ്‌റ്റ്‌ സെല്ലറായി നില്‍ക്കുന്നുള്ളൂ. കച്ചവടമല്ല കല എന്നൊക്കെ ഞാനും സമ്മതിക്കുന്നു. മഞ്‌ജിത്‌ ബാവയെ ഓര്‍ക്കുക പോലും ചെയ്യാത്ത ഇന്ത്യന്‍ സമൂഹത്തിന്‌ സ്വീകാര്യമായ ഒരു പാടു കാര്യങ്ങള്‍ രവിവര്‍മയുടെ പക്കലുണ്ട്‌. ആ..കലയെ ഡെമോക്രാറ്റൈസ്‌ ചെയ്‌തു അതൊക്കെ ശരി എന്നങ്ങു തള്ളിക്കളയാവുന്ന നിസ്സാര കാര്യമല്ല എന്നാണെനിക്കു തോന്നുന്നത്‌.

പിന്നെ സരസ്വതിയുടെ മുലയെക്കുറിച്ചുള്ള ആ പഴയ സംശയം. മാലാഖമാര്‍ ബ്രേസിയര്‍ ധരിക്കാറുണ്ടോ എന്ന പഴയ ചോദ്യം തന്നെയാണ്‌ അതെന്നാണെനിക്കു തോന്നുന്നത്‌. യേശു മറിയത്തിന്റെ മുല കുടിച്ചിട്ടുണ്ടോ എന്നും ദിവ്യ ഗര്‍ഭം ധരിച്ച സ്‌ത്രീക്ക്‌ മുലപ്പാലുമുണ്ടാവുമോ എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ പത്തു മുപ്പതു കൊല്ലം മുമ്പ്‌ വലിയ ചര്‍ച്ചയായിരുന്നല്ലോ...

രവിവര്‍മയുടെ ചിത്രങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച്‌ 80കളുടെ തുടക്കത്തില്‍ ആര്‍. നന്ദകുമാര്‍ എഴുതിയ ഒരു ലേഖനം കുറേ കൊല്ലം മുമ്പ്‌ വായിച്ചത്‌ ഓര്‍ക്കുന്നു. ദമിസ്സിങ്‌ മാന്‍ എന്നായിരുന്നു ആ ലേഖനം. ശരിക്കും ഞെട്ടിപ്പോയി അതു വായിച്ചപ്പോള്‍. ഒരു പെയിന്റിങ്ങിന്റെ രാഷ്ട്രീയ നിരീക്ഷണം ഇത്ര മഹിതമായ വിധത്തില്‍ നടത്താനാവുമല്ലോ എന്ന്‌ തോന്നിയത്‌ അപ്പോഴാണ്‌. ആ ലേഖനം എവിടെയുണ്ടെന്ന്‌ ഇപ്പോള്‍ അറിയില്ല. നന്ദകുമാര്‍ മുമ്പ്‌ മാതൃഭൂമിയിലൊക്കെ എഴുതിക്കണ്ടിരുന്നു ഇപ്പോള്‍ കാണുന്നില്ല.

ദെയര്‍കംസ്‌ പപ്പാ എന്ന ജി.അരുണിമയുടെ പുസ്‌തകത്തില്‍ രവിവര്‍മയുടെ പടം കവറാണെങ്കിലും അത്‌ ഹിസ്റ്ററി തിസീസാണ്‌. അതെ ഹിസ്റ്ററി തിസീസിന്റെ മുഖമായി നില്‍ക്കാവുന്ന സുന്ദര സൃഷ്ടിയാണ്‌ രവിവര്‍മയുടെ പെയിന്റിങ്ങുകള്‍...

Labels:

0 Comments:

Post a Comment

<< Home