ബാലലോകം

Tuesday, February 03, 2009

മറ്റൊരു കഥാകൃത്ത്‌ കുരിശില്‍

ഒരിടത്തൊരിടത്ത്‌ ഒരു കഥാകൃത്തുണ്ടായിരുന്നു. തരം കിട്ടുമ്പോഴൊക്കെ വിവാദങ്ങളില്‍ ചാടിക്കേറി ഇടപെടുകയോ നിവൃത്തിയുണ്ടെങ്കില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തിയിരുന്നതിനാല്‍ കഥാകൃത്തിന്‌ സാമാന്യം ഡിമാന്റ്‌ ഉണ്ടായിരുന്നു. കഥകളുടെ കാര്യത്തില്‍ പൊതുവേ ഉത്‌പാദനശേഷി കൂടിയ ഇനവുമായിരുന്നു അദ്ദേഹം. അതിനാല്‍ ഓണപ്പതിപ്പുകള്‍ വാര്‍ഷികപ്പതിപ്പുകള്‍ എന്നിവയിലേക്കും ആധ്യാത്മികക്കമ്പനികളുടെയും മറ്റും ആചാര്യസ്ഥാനത്തുള്ളവര്‍, നേതാക്കള്‍ തുടങ്ങിയവരുടെ പിറന്നാള്‍ സോവനീറുകളിലേക്കുമൊക്കെയായി ധാരാളം കഥകള്‍ അദ്ദേഹത്തിന്‌ വേഗം വേഗം പടച്ചുണ്ടാക്കേണ്ടതായി വരാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരു നാള്‍ ടി കഥാകൃത്ത്‌, തന്റെ വായനക്കാരനും ആരാധകനുമായ ഒരു സാധാരണക്കാരനെ പരിചയപ്പെടാന്‍ ഇടയായി. പരാമര്‍ശ സൗകര്യത്തിനായി ആരാധകനെ എക്‌സ്‌ എന്നു വിളിക്കുന്നതാണല്ലോ ആഗോളതലത്തില്‍ തന്നെയുള്ള അംഗീകൃത രീതി. നമുക്കും അങ്ങനെ തന്നെ തല്‍ക്കാലം വിളിക്കാം. കഥാകൃത്തിനെ വഴിയില്‍ വെച്ചു കണ്ട സന്തോഷത്തില്‍ എക്‌സ്‌ എന്ന ആരാധകന്‍ അദ്ദേഹത്തെ ഒരു പാനോപചാരത്തിനായി അടുത്തുകണ്ട ബാര്‍ഹോട്ടലിലേക്കു ക്ഷണിക്കുകയുണ്ടായി. താന്‍ കഥാകൃ ത്തും ആരാധകന്‍ വെറും വായനക്കാരനും മാത്രമാണെന്ന്‌ നിതരാം ബോധ്യമുണ്ടെങ്കിലും അല്‌പം പോലും ഔദ്ധത്യം പ്രകടിപ്പിക്കാതെയും പ്രത്യുത സമഭാവന പ്രകടിപ്പിച്ചു കൊണ്ടും കഥാകൃത്ത്‌ ആരാധകനൊപ്പം മദ്യപാനം ചെയ്യാമെന്ന്‌ സമ്മതിക്കുകയുണ്ടായി. അനന്തരം ഇരുവരും സമന്മാരെപ്പോലെ ഇരുന്ന്‌ മദ്യപാനം ആരംഭിച്ചു. മദ്യപാനസദസ്സ്‌ ചുടലപ്പറമ്പു പോലെ എല്ലാവരെയും സമന്മാരാക്കുന്ന ഒരാത്മവിദ്യാലയമാണെന്ന്‌ കഥാകൃത്ത്‌ തികച്ചും സാഹിതീയമായി ആലോചിച്ചു. എന്നാല്‍ അദ്ദേഹം അത്‌ പുറത്തു പറയുകയുണ്ടായില്ല.

കഥാകൃത്ത്‌ പൊതുവെ അസാമാന്യ ബോധമുള്ളയാളാകയാല്‍ മദ്യം ഏറെ പാനം ചെയ്‌തശേഷമാണ്‌ സാമാന്യബോധത്തിലേക്ക്‌ അദ്ദേഹം ഇറങ്ങി വന്നത്‌. അനന്തരം കുറച്ചു മദ്യം കൂടി പാനം ചെയ്‌ത്‌ അദ്ദേഹം മദ്യപന്മാരുടേതായ ഒരു ഉന്നത ബോധതലത്തില്‍ എത്തുകയുണ്ടായി. തദനന്തരം അദ്ദേഹം താ ന്‍ ഉടനെഴുതാന്‍ പോകുന്ന ഒരു കഥയെക്കുറിച്ച്‌ ആരാധകനോട്‌ സംസാരിക്കാമെന്നു സമ്മതിച്ചു. സാധാരണഗതിയില്‍ കഥാകൃത്ത്‌ അപ്രകാരം സമ്മതിക്കാറുള്ളതല്ല. തന്റെ ആത്മാവിന്റെ അഗാധതയിലെ സര്‍ഗാത്മകതയുടെ ജലാശയത്തില്‍ നിന്ന്‌ ഒരു ബുദ്‌ബുദം പോലെ ഉയര്‍ന്നു വരുന്ന സാഹിത്യചിന്തകളെ അപ്രകാരം തന്നെ ആവിഷ്‌കരിച്ചാല്‍ മാത്രമേ അത്‌ ഉന്നതമായ കൃതിയാവുകയുള്ളൂ എന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. എഴുതും മുമ്പ്‌ പറഞ്ഞു പോയാല്‍ അതിന്റെ ഉയിരായ കനല്‍ കെട്ടുപോകുമെന്നാണ്‌ അദ്ദേഹം പറയാറുള്ളത്‌. എന്നിട്ടും തന്റെ പ്രീയപ്പെട്ട ആരാധകനോടുള്ള ഔദാര്യമനോഭാവം കൊണ്ടാണ്‌ അദ്ദേഹം കഥയെക്കുറിച്ചു പറയാമെന്ന്‌ സമ്മതിച്ചത്‌.

അദ്ദേഹം കഥ പറയാന്‍ തുടങ്ങി - ഏതാണ്ട്‌ 12-16 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ്‌ കഥാനായിക. അവള്‍ അത്ര സുന്ദരിയൊന്നുമല്ല...

കഥാകൃത്ത്‌ ഇത്രയും പറഞ്ഞപ്പോള്‍ത്തന്നെ ആരാധകനായ എക്‌സ്‌ എന്ന വായനക്കാരന്‍ വിരല്‍ ചൂണ്ടിക്കൊണ്ട്‌ കഥാകൃത്തിനോട്‌ ഇപ്രകാരം പറഞ്ഞു- അവള്‍ എന്റെ പെങ്ങളു കുട്ടിയാണ്‌.
അതു കേട്ടപ്പോള്‍ കഥാകൃത്തിനു സന്തോഷമായി. അയാള്‍ പറഞ്ഞു 'ഇതാണ്‌ ഉത്തമ വായനക്കാരന്റെ ചുമതല. ഇത്തരത്തിലൊരു മമതാബോധത്തോടെ വായിക്കുന്നവരാണ്‌ നമ്മുടെ ശക്തി. സാഹിത്യത്തോട്‌ ഇങ്ങനെയൊരു മമത പുലര്‍ത്തുന്ന മഹിതമായ ആ സാംസ്‌കാരിക സാഹചര്യം നമുക്കു കൈമോശം വന്നിരിക്കുന്നു.'

അപ്പോള്‍ ആരാധകനായ എക്‌സ്‌ എന്ന വായനക്കാരന്‍ സാമാന്യം ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു- മമതേടേം കിമതേടേം കാര്യമല്ല. താനൊന്നു മിണ്ടാതിരിക്കെടോ. കഥയായാലും എന്തു കുന്തമായാലും ശരി, അവള്‌ എന്റെ പെങ്ങള്‌ കൊച്ചാ. അവളെയെങ്ങാന്‍ ആരെങ്കിലും ബലാല്‍ക്കാരം ചെയ്യുകയോ അതിനു ശ്രമിക്കുകയോ ചെയ്‌താല്‍ തന്റെ ചെപ്പക്കുറ്റി ഞാന്‍ അടിച്ചു പൊളിക്കും.
കഥയെഴുതും മുമ്പു തന്നെ വായനക്കാര്‍ ഇങ്ങനെ അസഹിഷ്‌ണുക്കളാകുന്നതിനോട്‌ കഥാകൃത്തിന്‌ താത്ത്വികമായ വിയോജിപ്പുണ്ടായിരുന്നു.

തനിക്ക്‌ ഉന്നതമായ സാമൂഹിക അന്തസ്സ്‌ ഉണ്ടെന്നും അതിനാല്‍ മദ്യപാനത്തിനിടെ താന്‍ ലഹളയുണ്ടാക്കില്ലെന്നും കഥാകൃത്ത്‌ ചെറിയൊരു നീരസം സ്‌ഫുരിപ്പിച്ചു കൊണ്ടു തന്നെ പറയുകയുണ്ടായി. വാസ്‌തവത്തില്‍ കഥാകൃത്തിന്‌ സാമാന്യം ഭയവുമുണ്ടായിരുന്നു. ആയത്‌ മറച്ചു വെക്കാന്‍ അദ്ദേഹത്തിന്‌ പക്ഷേ അത്രയ്‌ക്കൊന്നും കഴിഞ്ഞില്ല. അദ്ദേഹം ഒരു കഥാകൃത്ത്‌ ആയിരുന്നല്ലോ. മറിച്ച്‌ നടന്‍ അല്ലല്ലോ.

തന്റെ കഥാപാത്രം ബലാല്‍ക്കാരം ചെയ്യപ്പെടില്ല എന്നും പ്രത്യുത ബലാല്‍ക്കാരശ്രമത്തെ അതിധീരം നേരിട്ട്‌ തന്റെ പെണ്‍സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഉജ്വല കഥാപാത്രമായിരിക്കും എന്നും കഥാകൃത്ത്‌ അഭിമാനത്തോടെ പറഞ്ഞു.
പ്‌ടേ! എന്ന്‌ അടി പൊട്ടിയത്‌ ചെവിക്കുറ്റിക്കു തന്നെയായിരുന്നു.കഥാകൃത്ത്‌ പറഞ്ഞു തീരാന്‍ കൂടി കാത്തു നിന്നില്ല ആരാധകന്‍. 'ബലാല്‍ക്കാരം ചെയ്യപ്പെടാനും അതിനെ എതിര്‍ക്കാനും മാത്രമുള്ളവളല്ല എന്റെ പെങ്ങളു കൊച്ച്‌' എന്നു പറഞ്ഞതും അയാള്‍ കൈനീട്ടി ഒറ്റയടി കൂടി കൊടുത്തു കഥാകൃത്തിന്റെ കവിളത്ത്‌. അങ്ങനെ ഒരു ചെകിട്ടത്ത്‌ അടി കിട്ടിയ കഥാകൃത്തിന്‌ മറുചെകിട്ടത്തും ആയത്‌ ലഭിക്കുകയുണ്ടായി. ഈ കഥയെങ്ങാന്‍ എഴുതിപ്പോയാല്‍ നിന്നെ ഞാന്‍ ചവിട്ടിയുരുട്ടും എന്ന്‌ താക്കീതു ചെയ്‌ത്‌ ആരാധകനായ എക്‌സ്‌ എന്ന വായനക്കാരന്‍ പുറത്തിറങ്ങാനൊരുങ്ങി.
അയാള്‍ പോയാല്‍ മദ്യത്തിന്റെ വില താനൊടുക്കേണ്ടി വരുമല്ലോ എന്ന യാഥാര്‍ഥ്യം ഞെട്ടലോടെ ഓര്‍ത്ത്‌ കഥാകൃത്ത്‌ വായനക്കാരന്റെ കൈ പിടിച്ച്‌ മാപ്പിരന്നു. ശൈലീഭംഗിയുള്ള ഭാഷയിലാണ്‌ പറയുന്നതെങ്കില്‍ കാലു പിടിച്ചു എന്നാണ്‌ പറയേണ്ടത്‌.

വിശേഷാല്‍പ്പതിപ്പിലേക്ക്‌ ഇനി എന്തു കഥയെഴുതും എന്ന വ്യഥയോടെ പാവം കഥാകൃത്ത്‌ കുറച്ചുകൂടി മദ്യം പാനം ചെയ്യാനെടുത്തു. ആ വേളയില്‍ അദ്ദേഹം സാഹിത്യഭാഷയില്‍ വിചാരിച്ചതായ ഒരു വാചകമാണ്‌ ഈ കഥയുടെ തലക്കെട്ട്‌- മറ്റൊരു കഥാകൃത്ത്‌ കുരിശില്‍.

ഗുണപാഠങ്ങള്‍: ഈ കഥയില്‍ രണ്ടു ഗുണപാഠങ്ങളുണ്ട‌ കഥാകൃത്തുക്കള്‍ക്കുള്ള ഗുണപാഠവും വായനക്കാര്‍ക്കുള്ള ഗുണപാഠവും.

കഥാകൃത്തുക്കള്‍ക്കുള്ള ഗുണപാഠം: വായനക്കാര്‍ വെറും ആരാധകര്‍ മാത്രമാണ്‌ അവരോട്‌ സമഭാവനയോടെ പെരുമാറുന്നത്‌ മണ്ടത്തരമാണ്‌. എഴുതാന്‍ പോകുന്നതോ എഴുതിപ്പോയതോ ആയ കഥകളെക്കുറിച്ച്‌ അവരോടു സംസാരിക്കാന്‍ നില്‍ക്കരുത്‌. അഥവാ സംസാരിക്കുന്നെങ്കില്‍ കൈയകലത്തില്‍ നിന്നേ അപ്രകാരം ചെയ്യാവൂ.

വായനക്കാര്‍ക്കുള്ള ഗുണപാഠം: ആരാധകനാണെന്നും ഒപ്പം വന്നാല്‍ കള്ളു മേടിച്ചു തരാമെന്നും പറഞ്ഞാല്‍ നമുക്കു പുറകെ വാലാട്ടി വരുന്നവരാണ്‌ മിക്ക കഥാകൃത്തുക്കളും. തഞ്ചത്തിനു കിട്ടുമ്പോ ള്‍ കരണക്കുറ്റിക്ക്‌ ഒന്നു കൊടുത്താല്‍ മതി പാവങ്ങള്‍ മര്യാദക്കാരായിക്കൊള്ളും.

Labels:

2 Comments:

At 10:51 PM, Blogger പയ്യന്‍സ് said...

ആരാധകനാണെന്നും ഒപ്പം വന്നാല്‍ കള്ളു മേടിച്ചു തരാമെന്നും പറഞ്ഞാല്‍ നമുക്കു പുറകെ വാലാട്ടി വരുന്നവരാണ്‌ മിക്ക കഥാകൃത്തുക്കളും. തഞ്ചത്തിനു കിട്ടുമ്പോ ള്‍ കരണക്കുറ്റിക്ക്‌ ഒന്നു കൊടുത്താല്‍ മതി പാവങ്ങള്‍ മര്യാദക്കാരായിക്കൊള്ളും.

 
At 7:33 AM, Blogger ശ്രീ said...

നിറയെ ഗുണപാഠങ്ങളാണല്ലോ
:)

 

Post a Comment

<< Home