ബാലലോകം

Monday, June 18, 2007

ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഒരു കളി

ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഒരു കളി
അങ്ങനെ പന്നിയന്‍ രവീന്ദ്രന്‍ വി.എസ്.അച്യുതാനന്ദനെ മലര്‍ത്തിയടിച്ചിരിക്കുകയാണ്. പന്നിയന്‍റ്‍റെ വാക്കിന് പൊന്നും വിലയാണ്. പണ്ടുപണ്ട് ഒരു പോലീസുകാരന്‍ കൂട്ടുകാരു പിള്ളേരെ പിടിച്ചു തലമൊട്ടയിടിക്കുന്നതു കണ്ട് വാശിക്ക് പന്നിയാന്‍ പറഞ്ഞു ങാഹാ.. തല മൊട്ടയടിച്ചോ എന്നാ ദേ ഈ പന്നിയാന്‍ ജീവിതത്തിലിനി മുടി വെട്ടില്ല. ഇതിനു മുംപ് ഈ മഹാഭാരതത്തില്‍ ഇത്ര ഭീഷ്മമായ ഒരു ശപഥം ചെയ്തത് ദേവദത്തന്‍ എന്നൊരു പഴമക്കാരന്‍ മാത്രമാണ്. അതിന് അങ്ങേര് അനുഭവിക്കുകയും ചെയ്തു. ലക്ഷ്മിത്തലിന്‍റ്‍റെ കംപനിയിലുണ്ടാക്കിയമാതിരിയുള്ള കൂറ്‍റന്‍ ശരങ്ങളുടെ കൂര്‍മുനയില്‍ എത്രകാലം വെള്ളമിറങ്ങാതെ കിടന്നിട്ടാണ് ഒന്നു കണ്ണടയ്ക്കാനായത്. ഏതായാലും രവീന്ദ്രന്‍ പഴയ ദേവദത്തനെപ്പോലെ അത്രയ്ക്കൊരു മണ്ടനൊന്നുമല്ല.
കണ്ണൂറ്‍ സഖാക്കള്‍ ഒന്നടങ്കം എ.ക.ജി.യുടെയും നായനാരുടെയും പിറകെ എമ്മിലേക്കു പോയപ്പോഴും മാതൃപേടകത്തില്‍ ഉറച്ചു നിന്നത് സഖാവ് സി.എന്‍.ചന്ദ്രനും രവീന്ദ്രനും മാത്രം. അതിനപ്പുറം സിപിഐ എന്നത് തിരു-കൊച്ചിക്കാരുടെ പാര്‍ട്ടിയായിരുന്നു. സുഗതന്‍ സാറു മുതല്‍ എമ്മനും തൊമ്മനും മേനനും ചന്ദ്രനും രാഘവനും ആശാനും പികെവിയും എന്നു വേണ്ട ബിനോയ് വിശ്വം വരെ പാര്‍ട്ടി നേതാക്കളൊന്നടങ്കം തിരു-കൊച്ചിക്കാരനാണ്. ദോഷം പറയരുതല്ലോ, അണികളായിട്ട് അങ്ങനെയധികം പേരൊന്നുമില്ല. അക്കൂട്ടത്തിലും മലബാറികള്‍ നന്നേകഷ്ടി.
പണ്ടു കാലത്ത് സിപിഐക്ക് ഒരു ദുഷ്പേരുണ്ടായിരുന്നു. അവര്‍ ശുദ്ധാത്മാക്കളാണ്, അധികം കലികളൊന്നും അറിയില്ല. അച്യുതമേനോന്‍ ഡീസെന്‍റ്‍റ് കക്ഷിയാണ്. ആശാനെപ്പോലുള്ളവര്‍ സിപിഐക്കാരാണ്. ഇന്നേക്കാലത്താണെങ്കില്‍ ഒ.എന്‍.വി വരെയുണ്ട് അക്കൂട്ടത്തില്‍. സി.പി.ഐ.ക്ക് സര്‍വഥാ യോഗ്യനാണെങ്കിലും പിജി സാറു മാത്രം എമ്മില്‍ പോയിക്കൂടി. പഴയ ബുദ്ധിജീവികളൊക്കെ പോയിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന ജീവികള്‍ പന്നിയാനും ഇസ്മയേലുമൊക്കെയാണ്. ഇതുവരെ പുറത്തിറങ്ങാന്‍ അവസരം കിട്ടുന്നുണ്ടായിരുന്നില്ല പന്നിയാന്.
ഇസ്മയേല്‍ സി.പി.ഐ.യുടെ ശരദ് പവാറാണ്. ഫണ്ട് റെയ്സര്‍. പത്രം തുടങ്ങണം എന്ന പൂതി പെരുത്തപ്പോഴാണ് റെയ്സു ചെയ്ത് റെയ്സു ചെയ്ത് അതിന്‍റ്‍റെ പാരമ്യത്തിലെത്തിയത്. വെളിയത്തിന്‍റ്‍റെ വായ പിളര്‍ന്നു പോയി. രണ്ടു കോടി ചോദിച്ചപ്പോള്‍വിപ്ളവകാരികളായ അണികള്‍മുണ്ടു മുരുക്കിയെടുത്തു വാരിയെറിഞ്ഞു കൊടുത്ത കോടി പത്ത്!

വല്യേട്ടനായി വളര്‍ന്ന സീപ്യെം മൂന്നു നാലു ചാനലിലും മള്‍ട്ടി എഡിഷന്‍ പത്രത്തിലും കളിക്കുംപോള്‍ നമുക്കൊരു കീറക്കടലാസെങ്കിലും ഇല്ലാതെയെങ്ങനെ വിപ്ളവം പ്രചരിപ്പിക്കും. എവിടുന്നു കിട്ടി ഈ പത്തുകോടി എന്ന് ആരു ചോദിക്കാന്‍! ആരു തന്നെന്ന് ആരോടു ചോദിക്കാന്‍ അതിനെന്തൊക്കെ ചെയ്തു കൊടുക്കണമെന്ന് ആര്‍ക്കാവും ഊഹിക്കാന്‍!! ഇസ്മയിലിനോടു ചോദിക്കരുത്. പറയരുത്. കേള്‍ക്കരുത് ഇസ്മയില്‍ ആര്‍ക്കും പട്ടയം കൊടുത്തിട്ടില്ല. ആരോടും ഒന്നും വാങ്ങിയിട്ടില്ല..അവിവേകമായൊന്നും ചെയ്തിട്ടില്ല. ഇസ്മയിലേ ഭവാന്‍ തന്നെ ശുദ്ധരില്‍ ശുദ്ധന്‍.

അതു നില്‍ക്കട്ടെ, സഖാവ് പി കെ വി മരിച്ച ഒഴിവിലാണ് പന്നിയാന്‍ എംപീയായത്. തല കുത്തി മറിഞ്ഞാലും പന്നിയാന്‍ തിര്‍വോന്തരത്ത് പച്ച തൊടില്ലെന്ന് കട്ടായമായിരുന്നു. എല്‍.ഡി.എഫിന് ആവശ്യത്തിന് എംപീമാരുണ്ട് ഇതു പോയാലും നോപ്രോബ്ളം എന്ന മട്ടിലായിരുന്നു സിപിഎം. അപ്പോഴാണ് പന്നിയാന്‍ കൊണ്ടു കയറിയത്. ജയിച്ചു വന്നാലുടന്‍ കരുണാകര്‍ജിയെയും മോനെയും എല്‍ഡി എഫ് തൊഴുത്തിലേക്ക് തെളിക്ഹ്ചേക്കാം എന്ന് വാക്കു കൊടുത്തു.

അവറ്‍റകളും കൂടി സമ്മതിച്ചാല്‍ നാം പിന്നെ എതിര്‍ക്കാന്‍ വേണ്ടി പോകുന്നില്ല എന്ന് സഖാവ് പിണറായി സാറും വാക്കു വച്ചു. എതിര്‍പ്പു മുഴുവന്‍ വികസന വിരോധിയായ ആ കിഴവച്ചാര്‍ക്കാണ്. സിപിഐ സഹായിക്കും എന്നും അങ്ങനെ എല്‍ ഡി എഫില്‍ എത്തുമെന്നും പിന്നെ മോന്‍ജി കരണ്ടു മന്ത്രിയായി കരണ്ടു തിന്നു വളര്‍ന്നോളുമെന്നും അതു കണ്ട് സ്വസ്ഥമായി കണ്ണടയ്ക്കാം എന്നുമാണ് വല്യ മൂപ്പിത്സ് കരുതിയിരുന്നത്. അങ്ങനെയാണ് പന്നിയാന് പാലും ലഡുവും നേദിച്ചത്. വല്യ മൂപ്പിത്സ് കിണഞ്ഞു കളിച്ചു. മൃദു ഹിന്ദുത്വക്കാരുടെയും കടുക്കാരുടെയും ഓട്ടു വരെ പെട്ടിയിലെത്തിച്ചു കൊടുത്തു. സഖാവു പന്നിയാന്‍ പന പോലെ വളര്‍ന്നു. എംപീയായി. രവി സാറായി. രവിജയായി.

പക്ഷേ എല്‍.ഡി.എഫ് പ്രവേശനത്തിന്‍റ്‍റെ കാര്യം വന്നപ്പോള്‍ കാര്യങ്ങളുടെ കിടപ്പു മാറി. വോട്ടും തട്ടി ലഡുവും തിന്നു എന്നിട്ടും സിപിഐക്കു മുറുമുറുപ്പ് എന്നായി അവസ്ഥ. കരുണാകരനെ കൂടെ കൂട്ടുന്ന കാര്യത്തില്‍ പിണറായി വിജയന് നൂറ്‍റുക്കു നൂറും സമ്മതമായിരുന്നു. സിപിഐയെക്കാള്‍ പിണിയാള്‍ബലം കരുണാകരനുണ്ടെന്ന് അവരെപ്പോലെ പിണറായിക്കും അറിയാമല്ലോ. കേരളരാഷ്ട്രീയത്തിലേക്ക് സകല നെറികേടുകളെയും കൂട്ടിക്കൊടുത്ത കരുണാകരനാണ് നമ്മുടേതു പോലൊരു സമൂഹത്തിന് ഏറ്‍റവും പറ്‍റിയ ഭരണാധിപന്‍. ഇ.എം.എസ്, അച്യുതമേനോന്‍,പി.ടി.ചാക്കോ,എ.കെ ആന്‍റ്‍റണി, തുടങ്ങിയ സകല മുന്‍കാല നേതാക്കളില്‍ നിന്നും വ്യത്യസ്തനാണ് കരുണ്‍ജി. രാഷ്ട്രീയത്തെ നെറികേടുകളുടെ കൂത്തരങ്ങാക്കാന്‍ കഴിഞ്ഞ പ്രതിഭ.

അടിയന്തരാവസ്ഥക്കാലത്ത് നാലു തല്ലു കൊള്ളേണ്ടി വന്നു എന്നു കരുതി കരുണാകരനോടങ്ങനെ ആജീവനാന്ത എതിര്‍പ്പിന്‍റ്‍റെയൊന്നും കാര്യമില്ലെന്ന് പിണറായിക്കറിയാം. ഓരോ സ്ഥാനത്തിരിക്കുംപോള്‍ ഓരോരുത്തര്‍ക്ക് ഓരോ കര്‍മങ്ങള്‍ ചെയ്യേണ്ടി വരും. അതൊക്കെ കര്‍മഗതിയാണ്. അത്രമാത്രം.കരുണാകരന്‍ ഇടതു പാളയത്തിലെത്തിയാല്‍ സിപിഐ യെ മൂന്നാം കക്ഷിയായി ഒതുക്കാം. മുരളിക്കു പുറമേ ഒരു മൂളിക്കു കൂടി മന്ത്രിസ്ഥാനം കൊടുത്താല്‍ ധാരാളം. രണ്ടാം കക്ഷിക്കു രണ്ടെങ്കില്‍ മൂന്നാം കക്ഷിക്ക് എത്ര വേണം!! ഈ അപകടം മണത്തിട്ടാണ് സിപിഐ അന്ന് കരുണാകര പ്രവേശം കളിയെ എതിര്‍ത്തത്. അല്ലാതെ വികസന വിരോധിയോടുള്ള താത്പര്യം കൊണ്ടോന്നുമായിരുന്നില്ല. മണ്ടന്‍മാരായ മീഡിയാപ്പിള്ളേര് അവിടെയും നമ്മുടെ തലയില്‍ ആദര്‍ശം ആരോപിച്ചു. നമ്മളെന്തു ചെയ്യാന്‍ ശിവ ശിവ. വികസന വിരോധി മൂന്നാറിലേക്ക് മൂന്നാശാന്‍മാരെ തുടലൂരി വിട്ടത് നാടു നന്നാക്കാനൊന്നുമായിരുന്നില്ല. ശുദ്ധമാന വികസന വിരോധം ഒന്നു കൊണ്ടു മാത്രമായിരുന്നു. അല്ലെങ്കില്‍ നല്ല തങ്കപ്പെട്ട റിസോര്‍ട്ടുകളൊക്ക കണ്ണില്‍ചോരയുള്ളവരാരെങ്കിലും ഇടിച്ചു പൊട്ടിച്ചു കളയുമോ!!

പൊളിച്ചതത്രയും പൊളിച്ചു. ഇനി ബാക്കിയൊക്കെ നമ്മള് നോക്കിക്കോളാം. എന്തായിരുന്നൂ പന്നിയാന്‍റ്‍റെ ഒരുശിര്. കോട്ടിട്ടവന്‍റ്‍റെയും (മറ്‍റേ......ളവന്‍റ്‍റെ എന്നു മനസ്സിലാക്കണം പന്നിയാന്‍ നെലവില്‍ ബുദ്ധിജീവിപ്പാര്‍ട്ടിയിലെ ആസ്ഥാന ബുദ്ദൂസാണേ) അവനു മോളിലിരിക്കുന്ന മറ്‍റേ ലവന്‍റ്‍റെയും ലതു ചെത്തി ഉപ്പിലിടും എന്ന മട്ടിലല്ലായിരുന്നോ പ്രകടനം. എവിടുന്നു കിട്ടീ ഈ ഉശിരൊക്കെ!! സിപിഎമ്മിന്‍റ്‍റെ മുഖ്യമന്ത്രിക്കെതിരേ ഏതു ഗ്രഹണക്കാലത്താണ് ഇത്രയും ഉശിരോടെ തലപൊക്കാനാവുക. അതിനെതിരേ സി പി എം എന്തെങ്കിതും..... ഏയ്.. ഭീഷ്മപിതാവിനോടെതിരാന്‍ പണ്ട് ഒരു വിജയന്‍ ഇതേ വിദ്യയാണ് കളിച്ചത്. ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഒരു കളി

2 Comments:

At 7:47 AM, Blogger ഉമേഷ്::Umesh said...

ഭീഷ്മരുടെ പഴയ പേരുകള്‍ ദേവവ്രതന്‍, ഗംഗാദത്തന്‍ എന്നിവയല്ലേ? അതു രണ്ടും കൂടി ചേര്‍ത്താണോ ദേവദത്തന്‍ ഉണ്ടാക്കിയതു്?

ലേഖനം കൊള്ളാം. ഖണ്ഡിക തിരിക്കുന്നതു് അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു എന്നൊരു അഭിപ്രായമുണ്ടു്.

 
At 3:10 AM, Blogger പയ്യന്‍സ് said...

പ്രിയ ഉമേഷ്,
പോസ്റ്‍റ് വായിച്ചതില്‍ വളരെ സന്തോഷം.
ഒരു ചെറിയ പ്രസിദ്ധീകരണത്തിലേക്ക് ചോദിച്ചപ്പോള്‍ ഉടന്‍ എഴുതിയതാണ് അപ്പോള്‍ തന്നെ പോസ്റ്‍റിയത്.
തെറ്‍റുകള്‍ തിരുത്തിയാണ് പ്രിന്‍റ്‍റെടുത്തത്.
ഒരു പാട് നാളായി ഒന്നും ബ്ളോഗാറില്ലാത്തതു കൊണ്ട് ഒരു കൌതുകത്തിന് ഉടന്‍ പോസ്റ്‍റില്‍ കയറിയതാണ് ഭീഷ്മരുടെ പേരു തെറ്‍റാന്‍ കാരണം.
ഏതായാലും പോസ്റ്‍റ് നോക്കിയതില്‍ നന്ദി.

 

Post a Comment

<< Home